റഷ്യ: വളര്‍ത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥന്‍ രക്തം വാര്‍ന്ന് മരിച്ചു. നവംബര്‍ 22ന് റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. ദിമിത്രി ഉഖിനാണ് (55) പൂച്ചയുടെ ആക്രമണത്തിന് ഇരയായി മരിച്ചത്. അതേസമയം ഇയാള്‍ പ്രമേഹ രോഗബാധിതനും രക്തം കട്ട പിടിക്കാത്ത പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരാളായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ശരീരത്തില്‍ രക്തം കട്ട പിടിക്കാത്ത അവസ്ഥയും നേരിടുന്ന വ്യക്തിയായിരുന്നു ദിമിത്രി പൂച്ചയെ ശുശ്രൂഷിക്കുന്നതിനിടയില്‍ പൂച്ചയുടെ നഖം കൊണ്ട് അദ്ദേഹത്തിന്റെ കാലില്‍ മുറിവുണ്ടാവുകയായിരുന്നു. രക്തം വാർന്നൊഴുകാൻ തുടങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹം സഹായത്തിനായി അയല്‍ക്കാരനെ വിളിച്ചു. അയല്‍ക്കാരന്‍ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുമ്പേ ദിമിത്രി മരണത്തിന് കീഴടങ്ങി. രാത്രി 11 മണിയോടെയാണ് ഒരു വ്യക്തി തന്റെ സുഹൃത്തിന്റെ കാലില്‍ മുറിവേറ്റുവെന്നും അടിയന്തരമായി വൈദ്യസഹായം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എമര്‍ജന്‍സി സര്‍വീസില്‍ വിളിക്കുന്നത്. എന്നാല്‍ അടിയന്തരസഹായം ലഭിക്കും മുന്‍പേ അദ്ദേഹം മരണപ്പെടുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.