കൊച്ചി: പ്രേതബാധ മാറ്റാന്‍ പൂജകള്‍ നടത്താന്‍ എത്തിയ യുവമന്ത്രവാദി പതിനൊന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങി. കുടുംബനാഥന്റെ മദ്യപാനവും കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേനയാണ് യുവാവ് വീട്ടിലെത്തിയത്. നായരമ്പലം, നെടുമങ്ങാട് സ്വദേശി നല്‍കിയ പരാതി പ്രകാരം പറവൂര്‍, താണിപ്പാടം സ്വദേശി ശ്യാം എന്നയാള്‍ക്കെതിരെ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീട്ടുകാരുടെ ബന്ധുവായ ഒരു സ്ത്രീ മുഖേനയാണ് മന്ത്രവാദിയായ യുവാവിനെ പരിചയപ്പെട്ടത്. പൂജയ്ക്കു മുന്നോടിയായി ശരീരത്തിലും മറ്റിടങ്ങളിലും സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കിഴികെട്ടി 60 ദിവസം പൂജയില്‍ സമര്‍പ്പിക്കണമെന്നു പറഞ്ഞാണ് സ്വര്‍ണ്ണം വാങ്ങിയത്. പുറത്തറിഞ്ഞാല്‍ ഫലം ഇല്ലാതെ പോകുമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ പൂജകള്‍ കഴിഞ്ഞ് മന്ത്രവാദി പോയതോടെയാണ് തങ്ങള്‍ തട്ടിപ്പില്‍ കുടുങ്ങിയതായുള്ള കാര്യം വീട്ടുകാര്‍ക്കു മനസ്സിലായതും പൊലീസില്‍ പരാതി നല്‍കിയതും.