കോതമംഗലം: മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ അവരെ കണ്ടെത്തി. പശുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയി കാണാതായ മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരെ തിരച്ചില്‍ സംഘം കണ്ടെത്തി. ആശങ്ക നിറഞ്ഞ 14 മണിക്കൂറുകള്‍ക്കൊടുവിലാണ് മൂവരേയും കണ്ടെത്തിയ വിവരം രാവിലെ ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്. വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ അകലെ അറക്കമുത്തിയില്‍ നിന്നാണ് മൂവരെയും കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും രാത്രി പലപ്പോഴും തിരച്ചിലിന് തടസ്സമായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങളുമായി വെള്ളിയാഴ്ച രാവിലെ നടത്തിയ വിപുലമായ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്. സ്ത്രീകളെ കാണാതായ സംഭവത്തിനിടെ വനത്തിലേക്ക് കടന്ന പശുക്കള്‍ തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്. ബുധനാഴ്ചയാണ് ഇവരുടെ പശുക്കളെ കാണാതായത്. മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. തങ്ങള്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിപ്പോവുകയായിരുന്നുവെന്ന് സ്ത്രീകള്‍ പറഞ്ഞു.
രാത്രി മുഴുവന്‍ പാറയ്ക്കു മുകളിലാണ് ഇവര്‍ കഴിച്ച് കൂട്ടിയതെന്നാണ് വിവരം. കാണാതായ വിവരത്തെ തുടര്‍ന്ന് പതിനഞ്ച് പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങളായി തിരച്ചില്‍ നടത്തിയിരുന്നു. വനം, പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ അടങ്ങിയ സംഘം ആണ് തിരച്ചില്‍ നടത്തിയത്.