മുംബൈ: എയര്‍ ഇന്ത്യ പൈലറ്റിനെ മുംബൈയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൈലറ്റ് സൃഷ്ടി തുലിയ(25)യാണ് മരിച്ചത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ധേരിയിലെ മാറോള്‍ ഏരിയയിലെ കനകിയ റെയിന്‍ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച സൃഷ്ടിയുടെ ആത്മഹത്യകുറിപ്പ് കണ്ടെടുക്കാന്‍ സാധിച്ചില്ലെന്നു പൊലീസ് പറഞ്ഞു.വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു സൃഷ്ടിയുടെ കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ (27) കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ ജൂണ്‍ മുതല്‍ മുംബൈയിലാണു താമസിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ കൊമേഴ്സ്യല്‍ പൈലറ്റ് കോഴ്സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവന്‍ പരാതിപെട്ടിരുന്നു.ഭക്ഷണശീലം മാറ്റാനും സസ്യേതര ഭക്ഷണം കഴിക്കുന്നതു നിര്‍ത്താനുമാണ് ആദിത്യ സമ്മര്‍ദം ചെലുത്തിയത്.തിങ്കളാഴ്ച പുലര്‍ച്ചെ ആദിത്യയെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതില്‍ തുറന്നു. അപ്പോഴാണു കാമുകിയെ ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ധേരിയിലെ സെവന്‍ഹില്‍സ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കോടതിയില്‍ ഹാജരാക്കിയ ആദിത്യയെ നവംബര്‍ 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.