കാസര്‍കോട്: കാസര്‍കോട് ബാറിലെ അഭിഭാഷകനും ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന പി സുഹാസിനെ (38) കുത്തികൊലപ്പെടുത്തിയ കേസില്‍ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം തുടങ്ങി. ഡിവൈ എസ് പി പി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. തലശ്ശേരി സെഷന്‍സ് ജഡ്ജി കെ ടി നാസര്‍ അഹമ്മദ് കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനു അനുമതി നല്‍കിയത്.
2008 ഏപ്രില്‍ 17ന് വൈകുന്നേരമാണ് സുഹാസ് കാസര്‍കോട് ഫോര്‍ട്ട് റോഡിനു സമീപത്തു വച്ചു കുത്തേറ്റു മരിച്ചത്.
ഇരുവിഭാഗങ്ങളില്‍പ്പെട്ട രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു സുഹാസ് കൊല്ലപ്പെട്ടത്.
കേസില്‍ ആറുപേരെ നേരത്തെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏഴാം പ്രതിയെ കണ്ടാല്‍ അറിയാമെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പ്രസ്തുത പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. എന്നാല്‍ തിരിച്ചറിഞ്ഞിട്ടുള്ള ആള്‍ ആരാണെന്നു വ്യക്തമാക്കാന്‍ അന്വേഷണ സംഘം വിസമ്മതിച്ചു. നേരത്തെ അറസ്റ്റിലായ ചില പ്രതികളില്‍ നിന്നാണ് ഏഴാമനെ തിരിച്ചറിഞ്ഞതെന്നു പറയുന്നുണ്ടെങ്കിലും അതില്‍ വാസ്തവം ഉണ്ടോയെന്നു വിശദമായ അന്വേഷണത്തില്‍ കൂടി മാത്രമേ വ്യക്തമാവുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
