കാസര്‍കോട്: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ് സംഭവം. ബുര്‍ഖയിട്ടെത്തിയ യുവാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ സമീപത്ത് ചെന്ന് ഇരിക്കുകയായിരുന്നു. പ്രസ്തുത ആളുടെ ചലനത്തില്‍ സംശയം തോന്നിയ ചിലര്‍ നടത്തിയ ചടുലമായ ഇടപെടലിലാണ് യുവാവ് കെണിഞ്ഞത്. യുവാവിന്റെ കാല്‍ പാദങ്ങളും ചെരുപ്പും പുരുഷന്റേതാണെന്നു ഉറപ്പാക്കിയ ശേഷം സ്ഥലത്തുണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇതിനിടയില്‍ തന്നെ തിരിച്ചറിഞ്ഞുവെന്നു തോന്നിയ ‘ബുര്‍ഖ’ധാരി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനു മുമ്പു തന്നെ ഇയാളെ സ്ഥലത്തുണ്ടായിരുന്നവര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന ആളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു.