കണ്ണൂര്‍: ജോലിക്കു നിന്ന വീട്ടില്‍ നിന്നു ആറരപ്പവന്‍ സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ ഹോംനഴ്‌സ് അറസ്റ്റില്‍. പാലക്കാട് സ്വദേശിനിയായ മഹേശ്വരി (44)യെ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ സനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സമാനമായ പത്തോളം കേസുകളില്‍ പ്രതിയാണ് മഹേശ്വരിയെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, വെറ്റിലപ്പള്ളിവയല്‍ നൗഷാദ് മന്‍സിലില്‍ നിന്ന് ആറു പവന്‍ സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞുവെന്ന പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തത്.
നവംബര്‍ ആദ്യവാരത്തിലാണ് മഹേശ്വരി വെറ്റിലപ്പള്ളിയിലെ വീട്ടില്‍ ജോലിക്കു ചേര്‍ന്നത്. ഹോംനഴ്‌സിംഗ് സര്‍വ്വീസ് ഏജന്‍സിയിലൂടെയാണ് ദീപയെന്ന വ്യാജേന മഹേശ്വരി ജോലിക്കു ചേര്‍ന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റുന്നതും മഹേശ്വരിയുടെ സവിശേഷതയാണ്. പിന്നീട് കിട്ടിയ സന്ദര്‍ഭം കണ്ടെത്തി സ്വര്‍ണ്ണവുമായി മുങ്ങുകയാണ് മഹേശ്വരിയുടെ രീതി.
ഇത്തരത്തിലാണ് കണ്ണൂര്‍ വെറ്റിലപ്പള്ളിയിലെ അസ്മാബിയെ പരിചരിക്കാനെത്തി സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ്.ഐ.മാരായ ധന്യാകൃഷ്ണന്‍, ബോസ് കൊച്ചുമലയില്‍, രാജീവന്‍, എ.എസ്.ഐമാരായ രഞ്ജിത്ത്, മുഹമ്മദ്, സിപിഒമാരായ ജിതേഷ്, വിനീഷ്, ഷിജില എന്നിവരും ഉണ്ടായിരുന്നു.
