തൃശൂര്‍: നാട്ടിക അപകടം വളരെ നിര്‍ഭാഗ്യകരമായ സംഭവമെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി കെബി ഗണേഷ് കുമാര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടി. വണ്ടിയുടെ ക്ലീനര്‍ മദ്യപിച്ചാണ് വണ്ടിയോടിച്ചത്. ഡ്രൈവരും ക്ലീനറും മദ്യപിച്ചിരുന്നു, ഇരുവരും ഇപ്പോഴും മദ്യലഹരിയില്‍ തന്നെയാണ്. വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സ് പോലുമില്ല. നടന്നത് മനഃപൂര്‍വ്വമായ നരഹത്യയാണെന്നും മന്ത്രി പറഞ്ഞു. രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും തമിഴ്നാട്ടില്‍ നിന്നുള്ള വണ്ടികള്‍ അമിതവേഗതയില്‍ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാണ്. തൃശൂര്‍ പാലക്കാല് ഭാഗത്ത് രാത്രികാല പരിശോധന നേരത്തെ തന്നെ പദ്ധതി ആക്കിയിരുന്നു. അടുത്ത ആഴ്ച മുതല്‍ രാത്രികാല പരിശോധന കര്‍ക്കശമാക്കും. ട്രാസ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ തന്നെയാണ് പരിശോധന നടത്തുകയെന്ന് മന്ത്രി പറഞ്ഞു.
അപകടമുണ്ടാക്കിയ വണ്ടിയുടെ രജിസ്‌ട്രേഷന്‍ പെര്‍മിറ്റ് ലൈസന്‍സ് എന്നിവ റദ്ദാക്കും. എല്ലാ ഭാഗത്തെയും സിസിടിവി പരിശോധിക്കും. അതേസമയം, വഴിയോരങ്ങളില്‍ കിടന്നുറങ്ങുന്ന അവസ്ഥ ഒഴിവാക്കണം. ആശ്രിത സഹായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അറസ്റ്റിലായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തെന്ന് പൊലീസ് പറഞ്ഞു.
