കാസര്‍കോട്: നഗരത്തിലെ സ്വകാര്യസ്ഥാപനത്തിനു ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എന്‍.എ ഖാലിദിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മാവോയിസ്റ്റ് നേതാവ് സോമനെതിരെ വിചാരണ ആരംഭിക്കുന്നു. നവംബര്‍ 27 മുതല്‍ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആണ് വിചാരണ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി സോമനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. വിചാരണയ്ക്ക് ഹാജരാകുന്നതിനായി എന്‍.എ ഖാലിദിനു കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
2007ല്‍ ആണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്ഥാപനത്തിനു ലൈസന്‍സ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളികളുമായി സോമന്റെ നേതൃത്വത്തില്‍ എത്തി പത്തോളം പേര്‍ കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. മറ്റു പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍ പോയ സോമനെ 2024 ജുലായ് 28ന് ആണ് ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു വച്ച് അറസ്റ്റു ചെയ്തത്. ഒളിവിലായിരുന്നതിനാലാണ് സോമനെതിരെയുള്ള കേസ് തുടര്‍ന്നത്. ഏതാനും ദിവസം മുമ്പ് കര്‍ണ്ണാടക, കാര്‍ക്കളയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച വിക്രം ഗൗഡയുടെ അടുത്ത കൂട്ടാളിയാണ് സോമന്‍.
