കാസര്‍കോട്: ജീവിച്ചിരിക്കുമ്പോള്‍ കൊപ്പല്‍ അബ്ദുല്ല സമൂഹത്തിനും നാടിനും ഒരുപാട് നന്‍മകള്‍ ചെയ്ത വ്യക്തിയായിരുന്നുവെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ അഭിപ്രായപ്പെട്ടു. പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ കൊപ്പല്‍ അബ്ദുല്ല സൗഹൃദയവേദിയുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. നഗരസഭയില്‍ ഐഎന്‍എല്ലിനെ ഇടത് പക്ഷത്തിനൊപ്പം നിര്‍ത്താന്‍ പരിശ്രമിച്ചു. ചെയര്‍മാന്‍ സ്ഥാനം കൊപ്പലിന് കപ്പിനും ചുണ്ടിനുമിടയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടും അദ്ദേഹം നിരാശനായില്ല. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രം ജീവിച്ച സാമൂഹിക പ്രവര്‍ത്തകനും രാഷ്ടീയക്കാരനുമായിരുന്നു കൊപ്പലെന്ന് സി എച്ച് അനുസ്മരിച്ചു. നാടിനെയും നാട്ടുകാരെയും ഒരുപോലെ കണ്ട വ്യക്തിയായിരുന്നു കൊപ്പലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അഭിപ്രായപ്പെട്ടു. നഗരസഭയിലെ വാര്‍ഡില്‍ വികസനം എത്തിക്കുന്നതില്‍ മുന്നിട്ടിറങ്ങി ഇപ്പോഴും വാര്‍ഡില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ നാട്ടുകാര്‍ പറയുന്നു. നര്‍മ്മത്തില്‍ ചാലിച്ച വാക്കുകളായിരുന്നു കൊപ്പലിന്റെ കരുത്തെന്നും ചെയര്‍മാന്‍ പറഞ്ഞു. എ. എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഷാഫി തെരുവത്ത് കൊപ്പല്‍ സ്മരണിക പ്രഖ്യാപനം നടത്തി. ടിഎ ഷാഫി, ബി എം അഷ്‌റഫ്, എകെ മൊയ്തീന്‍ കുഞ്ഞി, പിഎ അഷറഫലി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, അഡ്വ. ബി എഫ് അബ്ദുല്‍ റഹ്‌മാന്‍ സംസാരിച്ചു. സി എല്‍ ഹമീദ് സ്വാഗതവും സിദ്ധീഖ് ചേരങ്കൈ നന്ദിയും പറഞ്ഞു. ടി. എം മുഹമ്മദ് അസ്ലം, എന്‍ എ ഇക്ബാല്‍, ജമാല്‍ പൈക്ക നേതൃത്വം നല്‍കി.