ആലപ്പുഴ: കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. തിരുവല്ല മുത്തൂരിൽ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ബൈക്ക് മറിഞ്ഞയുടൻ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മക്കളും നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ലെന്നും മുന്നറിയിപ്പ് ബോർഡുകളോ വെച്ചില്ലെന്നും സിഐ പറഞ്ഞു.
