സംസ്ഥാനത്ത് ഉപതെരഞ്ഞടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലമുള്‍പ്പെടെ മൂന്നു മണ്ഡലങ്ങളിലും എല്‍.ഡിഎഫും യുഡിഎഫും നിലവിലെ സ്ഥിതി നിലനിര്‍ത്തുമെന്ന് ഉറപ്പായിക്കൊണ്ടിരിക്കുന്നു. നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഒരുലക്ഷത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാക്കൂട്ടത്തിലും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപും മുന്നേറുന്നു. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചപ്പോള്‍ പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ നടത്തിയ മുന്നേറ്റം ജനങ്ങളില്‍ കൗതുകം ഉളവാക്കിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫിന് അദ്ദേഹം പിന്മാറുകയായിരുന്നു. എന്നാല്‍ പത്തരയോടെ അദ്ദേഹം ആയിരത്തോളം വോട്ടുകള്‍ക്ക് വീണ്ടും മുന്നേറിയിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇടതുമുന്നണിയിലേക്ക് കാലുമാറിയ പി സരിന്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ മൂന്നാംസ്ഥാനം നിലനിറുത്തുന്നു. പാലക്കാട് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി എത്തിയ രാഹുല്‍ മാക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് ആധിപത്യം നിലനിറുത്തുമെന്ന് പത്തേകാല്‍വരെയുള്ള വോട്ടെണ്ണല്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഡിസിസി ഓഫീസില്‍ രാവിലെ മുതല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനത്തിന് തയ്യാറെടുത്തുനില്‍ക്കുകയാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ തന്നെ ലീഡ് തുടരുകയാണ്.
തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ എന്‍ഡിഎയും ജാര്‍ഖണ്ഡില്‍ ഇന്‍ഡി സഖ്യവും അധികാരത്തില്‍ എത്തുമെന്നാണ് ആദ്യ സൂചനകള്‍. ഇരുമുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുളളതായും സൂചനയുണ്ട്. മഹാരാഷ്ട്രയിലെ സന്ദേഡ് ലോകസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. രാജ്യത്തെ 13 നിയമസഭകളിലെ 46 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും തുടരുകയാണ്. ഒരുമണിയോടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിവായി തുടങ്ങും.