പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പു ഫലം സിപിഎം അനുഭാവികള്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ താക്കീതാണോ?
അല്ല എന്ന് സ്ഥാപിക്കാന്‍ എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും പാര്‍ട്ടി തന്ത്രങ്ങള്‍ പണ്ടത്തെപ്പോലെ പാലക്കാടു നിയമസഭാ നിയോജക മണ്ഡലത്തില്‍ ഫലിക്കുന്നെന്നു തോന്നുന്നില്ല. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനിടയില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കലഹിച്ചു നിന്ന വാക്‌ധോരണിയുള്ള കോണ്‍ഗ്രസ് നേതാവിനെ മറ്റൊന്നുമാലോചിക്കാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ആ അടവുതന്ത്രം പൂത്തുലയുമെന്നു നേതൃത്വം കരുതിയിട്ടുണ്ടാവും. പക്ഷെ, കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് പാലക്കാട് മണ്ഡലത്തില്‍ മാത്രമല്ല, കേരളത്തിലെവിടെയും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെ വിശ്വസിപ്പിക്കാന്‍ അനിവാര്യമായ വിശദീകരണം നല്‍കാനും നേതൃത്വം പരാജയപ്പെട്ടു. ഫലത്തില്‍ നേതൃത്വം അവരുടെ വഴിക്കും അനുഭാവികള്‍ അവരുടെ വഴിക്കും നടന്നു. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വന്നപ്പോള്‍ 2006 മുതല്‍ നടന്ന 5 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാലക്കാടു മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഏറ്റവും കുറവ് വോട്ട് ലഭിച്ച തിരഞ്ഞെടുപ്പായി അതു മാറുകയും ചെയ്തു.
2006ല്‍ സിപിഎമ്മിലെ കെ.കെ ദിവാകരനാണ് പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ചത്. അദ്ദേഹത്തിന് 41,166 വോട്ട് ലഭിക്കുകയും തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ എ.ജി ഗോപിനാഥിനു 39822 വോട്ടാണ് ലഭിച്ചത്.
2011ലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ദിവാകരനായിരുന്നു. അന്ന് അദ്ദേഹത്തിന് 40238 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ ഷാഫി പറമ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന എതിരാളി. ഷാഫി 7400ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പാലക്കാട് തിരിച്ചുപിടിച്ചു. 2016ല്‍ കോണ്‍ഗ്രസില്‍ നിന്നു ഷാഫി പറമ്പിലും സിപിഎമ്മില്‍ നിന്നു പാര്‍ട്ടിയുടെ പ്രമുഖ നേതാവായ എന്‍.എന്‍ കൃഷ്ണദാസും തമ്മില്‍ മത്സരിച്ചു. ഷാഫി പറമ്പില്‍ 18,884 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കൃഷ്ണദാസിനെ തോല്‍പ്പിച്ചു. ഷാഫിക്ക് 57559വും എന്‍.എന്‍ കൃഷ്ണദാസിനെ 38675 വോട്ടുമാണ് ലഭിച്ചത്. മാത്രമല്ല 2011ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ ദിവാകരന്‍ നേടിയ 40238 വോട്ട് 2016ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പ്രമുഖ സിപിഎം നേതാവ് കൃഷ്ണദാസിനു ലഭിച്ചതുമില്ല. 38675 വോട്ടാണ് കൃഷ്ണദാസിനു ലഭിച്ചത്. 2021ലും ഷാഫി പറമ്പിലായിരുന്നു ഈ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആ തിരഞ്ഞെടുപ്പില്‍ ഷാഫിക്ക് 54079 വോട്ട് ലഭിച്ചു. ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി പ്രമോദിനു 36433 വോട്ടാണ് ലഭിച്ചത്. ശനിയാഴ്ച തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച ഇതേ മണ്ഡലത്തില്‍ യു.ഡി.എഫിലെ രാഹുല്‍മാങ്കൂട്ടത്തിനു ഇടതു സ്ഥാനാര്‍ത്ഥി പി. സരിനേക്കാള്‍ 20752 വോട്ട് ഭൂരിപക്ഷം ലഭിച്ചു.
മാത്രമല്ല, 2006 മുതല്‍ 2024 വരെയുള്ള പാലക്കാടു മണ്ഡലത്തിലെ അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെട്ടിരുന്ന ആ മണ്ഡലത്തില്‍ പാര്‍ട്ടി സ്വാധീനം പിന്നോട്ടു പോവുന്ന കാഴ്ചയാണ് പ്രകടമാവുന്നത്.
2006ല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കു 41166 വോട്ട് ലഭിച്ചു. ജയിക്കുകയും ചെയ്തു. 2011ല്‍ അതു 40238 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പില്‍ തോറ്റു. 2016ല്‍ അതു വീണ്ടും കുറഞ്ഞു 38678 ആയി. സ്ഥാനാര്‍ത്ഥി അത്തവണയും തോറ്റു. 2021ലും നാമമാത്രമായെങ്കിലും വോട്ട് കുറഞ്ഞു-36433. ഇത് ശനിയാഴ്ച ഫലം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലും കുറഞ്ഞു. 36267 വോട്ടാണ് ഇടതുമുന്നണിക്കു ലഭിച്ചത്.
അതേ സമയം ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കള്‍ക്കു ക്രമാനുഗതമായി വോട്ടു വര്‍ധിച്ചിട്ടുമുണ്ട്. 2006ല്‍ 39822 വോട്ട് ലഭിച്ചു പരാജയപ്പെട്ടെങ്കിലും പിന്നീട് ഇതുവരെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഇവിടെ ആധിപത്യം ആവര്‍ത്തിക്കുകയായിരുന്നു. 2011ല്‍ കോണ്‍ഗ്രസിന് 47641 ആയിരുന്നു. 2016ല്‍ അത് 57559 ആയി ഉയര്‍ന്നു. 2021ല്‍ അത് 54079 ആയെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു 57019 വോട്ട് ലഭിച്ചു. കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പുകളില്‍ ഒരിക്കലേ യുഡിഎഫിനു ഇവിടെ നേരിയ തോതില്‍ വോട്ടു കുറഞ്ഞിട്ടുള്ളു. അതേ സമയം 2006ല്‍ 41166 വോട്ടുണ്ടായിരുന്ന എല്‍.ഡി.എഫിന് ഓരോ തിരഞ്ഞെടുപ്പിലും വോട്ട് കുറഞ്ഞു കുറഞ്ഞ് ഇപ്പോഴതു 36267ല്‍ എത്തിയിരിക്കുന്നു.
ബിജെപിക്കു 2006ല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 27667 വോട്ടായിരുന്നു. അന്ന് ഒ. രാജഗോപാലായിരുന്നു സ്ഥാനാര്‍ത്ഥി. 2011ല്‍ അതു 22317 ആയി കുറഞ്ഞു. 2016ല്‍ ശോഭാ സുരേന്ദ്രനായിരുന്നു സ്ഥാനാര്‍ത്ഥി. അവര്‍ 40096 വോട്ട് ബിജെപിക്കു നേടിക്കൊടുത്തു. 2021ല്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ 50220 വോട്ട് നേടി. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. കൃഷ്ണകുമാറിനു 38883 വോട്ടാണ് ലഭിച്ചത്.
രാഷ്ട്രീയത്തോടൊപ്പം നിലപാടുകളും ഈ മണ്ഡലത്തില്‍ വോട്ടിംഗിനു മാനദണ്ഡമാവുന്നുണ്ടെന്നു മണ്ഡലത്തിലെ വോട്ടിംഗ് നില ബോധ്യപ്പെടുത്തുന്നുണ്ട്.