കാസര്‍കോട്: നാട്ടുകാരുടെ സംഘടിത എതിര്‍പ്പിനെത്തുടര്‍ന്നു കളത്തൂരിനടുത്തെ പൂക്കട്ട ദണ്ഡഗോളിയില്‍ നിര്‍മ്മാണമാരംഭിച്ച ലൈബ്രറി- ബസ്‌വെയിറ്റിംഗ് ഷെഡ്ഡ് നിര്‍മ്മാണം പൊലീസ് രണ്ടു ദിവസത്തേക്കു നിറുത്തിവയ്പിച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ എം എല്‍ എയുമായി ബന്ധപ്പെട്ടു പ്രശ്‌നം ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാര്‍ മുന്നറിയിച്ചു.
പണി നടന്നു കൊണ്ടിരിക്കെയാണ് സംഘടിച്ചെത്തിയ ഒരു വിഭാഗം ലൈബ്രറിയിലെയും ബസ്സ്റ്റാന്റിന്റെയും പണി തടയാന്‍ ശ്രമിച്ചത്. ഇത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടു ദിവസത്തേക്കു പണി നിറുത്തി വയ്പ്പിച്ചത്.
ലൈബ്രറിയും വായനശാലയുമൊന്നും ദണ്ഡഗോളിയില്‍ വേണ്ടെന്നു പ്രതിഷേധക്കാര്‍ പൊലീസിനോടു പറഞ്ഞു. ബസ് വെയ്റ്റിംഗ് ഷെഡ്ഡ് നിര്‍മ്മിക്കുന്നതിനോടു തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും വായനശാലയോടും ലൈബ്രറിയോടുമേ എതിര്‍പ്പുള്ളൂവെന്നും അവര്‍ പറഞ്ഞു.
എം എല്‍ എ ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപ ചെലവഴിച്ചാണ് ദണ്ഡഗോളിയില്‍ ബസ് വെയ്റ്റിംഗ് ഷെഡ്ഡും ലൈബ്രറിയും നിര്‍മ്മിക്കുന്നത്. അക്ഷരത്തോടും ആശയത്തോടുമുള്ള ചിലരുടെ എതിര്‍പ്പില്‍ മറുവിഭാഗം സഹതപിച്ചു. എന്നാല്‍ അക്ഷരവും ആശയങ്ങളുമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും മൂലകാരണമെന്നു പ്രതിഷേധക്കാര്‍ സൂചിപ്പിച്ചു. ദണ്ഡഗോളിയില്‍ സമാധാനം എന്നും പൂത്തുലച്ചു നില്‍ക്കണമെങ്കില്‍ അക്ഷരവും ആശയങ്ങളും അവിടെ തമ്പടിക്കാന്‍ അവസരമുണ്ടാക്കിക്കൂടെന്നും അവര്‍ പറഞ്ഞു.