-പി പി ചെറിയാന്‍
ന്യൂയോര്‍ക്: നവംബര്‍ 20ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം യു.എസ് അംബാസഡര്‍ റോബര്‍ട്ട് വുഡ് വീറ്റോ ചെയ്തു. പ്രമേയത്തിനു അനുകൂലമായി 14 വോട്ടുകള്‍ നേടിയെങ്കിലും സെക്യൂരിറ്റി കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങള്‍ (ഇ-10) മുന്നോട്ടുവച്ച കരട് പ്രമേയം സ്ഥിരാംഗമായ യു.എസ്.വീറ്റോ ചെയ്യുകയായിരുന്നു.
എല്ലാ ബന്ദികളേയും ഉടനടി നിരുപാധികം മോചിപ്പിക്കാനുള്ള കൗണ്‍സിലിന്റെ ആവശ്യവും അവഗണിച്ചു.
യു.എന്‍ രക്ഷാസമിതിയില്‍ ഒരു പ്രമേയം അംഗീകരിക്കുന്നതിന്, അതിനു അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ഉറപ്പാക്കണം. അഞ്ച് സ്ഥിരാംഗങ്ങളില്‍ ആരുടെയെങ്കിലും നിഷേധ വോട്ടുകളോ വീറ്റോയോ പാടില്ല.
യു.എന്‍ ചാര്‍ട്ടര്‍ പ്രകാരം, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്ന പ്രാഥമിക ഉത്തരവാദിത്തം സുരക്ഷാ സമിതിക്കുണ്ട്. ഹമാസും മറ്റ് തീവ്രവാദികളും ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടില്ലെങ്കില്‍ വെടിനിര്‍ത്തലിനെ നിരുപാധികം പിന്തുണയ്ക്കാന്‍ യു.എസിന് കഴിയില്ലെന്ന് യു.എസ് പ്രതിനിധി അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കല്‍, പലസ്തീന്‍ തടവുകാരെ കൈമാറല്‍, കൊല്ലപ്പെട്ട ബന്ദികളുടെ അവശിഷ്ടങ്ങള്‍ തിരികെ നല്‍കല്‍, വടക്ക് പ്രദേശങ്ങളിലുള്‍പ്പെടെ ഗാസയുടെ എല്ലാ പ്രദേശങ്ങളിലെയും വീടുകളിലേക്കും അയല്‍പക്കങ്ങളിലേക്കും പലസ്തീനിയന്‍ സിവിലിയന്മാരെ തിരികെ കൊണ്ടുവരല്‍, പൂര്‍ണ്ണമായ പിന്‍വലിക്കല്‍ എന്നിവ പ്രമേയത്തില്‍ ഉള്‍പ്പെടുന്നു.
മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നീ മാനുഷിക തത്വങ്ങളെ പൂര്‍ണ്ണമായി മാനിച്ചുകൊണ്ട് ജനറല്‍ അസംബ്ലി അംഗീകരിച്ച മാന്‍ഡേറ്റ് നടപ്പിലാക്കാന്‍ അത് എല്ലാ കക്ഷികളോടും പ്രമേയം ആഹ്വാനം ചെയ്തു.
മുന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുടെ നേതൃത്വത്തിലുള്ള ഏജന്‍സിയുടെ സ്വതന്ത്ര അവലോകനത്തിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പാക്കാനുള്ള സെക്രട്ടറി ജനറലിന്റെയും യു.എന്‍.ആര്‍.ഡബ്ല്യു.എയുടെയും പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നതോടൊപ്പം, യു.എന്‍, മാനുഷിക സൗകര്യങ്ങളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനവും അത് അഭ്യര്‍ത്ഥിച്ചു.