കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് നിവേദനം നല്‍കി. താറുമാറായ റോഡിലൂടെ ഓട്ടോ ഓടിച്ചുപോകുന്ന തൊഴിലാളികളുടെ അവസ്ഥ അതിദയനീയമാണ്. ഓരോ ദിവസവും വാഹനം ഓടി കിട്ടുന്ന വരുമാനം എല്ലാം തന്നെ വര്‍ക്ക് ഷോപ്പില്‍ കൊടുക്കേണ്ട അവസ്ഥയിലാണ്. നിരവധി തവണ മുന്‍സിപ്പല്‍ ഓഫീസില്‍ നിവേദനം നല്‍കുകയും സമരവും നടത്തുകയും ചെയ്തിരുന്നു. ഉറപ്പുകള്‍ അധികൃതര്‍ ഇതുവരെയും പാലിച്ചിട്ടില്ല. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഓട്ടോ തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കി. ഓട്ടോ തൊഴിലാളി ബിഎംഎസ് ഓട്ടോത്തൊഴിലാളി ജില്ലാ സെക്രട്ടറി കെവി ബാബു, ജോയിന്‍ സെക്രട്ടറി ദിനേശ് ബംബ്രാണ, ജോയിന്‍ സെക്രട്ടറി ഗുരുദാസ് ചേനക്കോട്, മേഖലാ സെക്രട്ടറി റിജേഷ് ജെ.പി നഗര്‍, മുനിസിപ്പല്‍ സെക്രട്ടറി മനോജ് എ കേശവ, വിശ്വനാഥ ഷെട്ടി, എസ്.കെ ഉമേഷ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
