കാസര്‍കോട്: കോയിപ്പാടി വില്ലേജിലെ മത്സ്യത്തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയായ ‘പുനര്‍ഗേഹം’ പാര്‍പ്പിട സമുച്ചയ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. കടല്‍ക്ഷോഭത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറാനും, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യവും, നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തുറമുഖ-ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്.
കോയിപ്പാടി വില്ലേജില്‍ നാരായണ മംഗലത്താണ് 22.05 കോടി രൂപ ചെലവില്‍ പാര്‍പ്പിട സമുച്ചയം പണിയുന്നത്. 2021 ലാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. 2024- ഓടെ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും വര്‍ഷം മൂന്ന് പിന്നിട്ടിട്ടും പകുതി ജോലി പോലും ഇതുവരെ ആയിട്ടില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു. നിലവിലെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയാല്‍ 2026 ലെങ്കിലും പണിപൂര്‍ത്തിയാകുമോ എന്നതും സംശയമാണ്. കുമ്പളയില്‍ മാത്രം 120 പാര്‍പ്പിട സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. 10 ലക്ഷം രൂപ യൂണിറ്റ് ചെലവ് വരുന്ന 120 ഫ്‌ളാറ്റിനായാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. 480 ചതുര അടി വിസ്തൃതിയില്‍ രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍, ശുചിമുറി സൗകര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് കൂടാതെ അംഗനവാടി കെട്ടിടം, ഭൂവികസനം, ചുറ്റുമതില്‍ നിര്‍മ്മാണം, കുടിവെള്ള പദ്ധതി, മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയും പദ്ധതിയില്‍ ഇടം പിടിച്ചിരുന്നു. പാര്‍പ്പിട സമുച്ചയത്തിന് സമീപത്തായി സമീപഭാവിയില്‍ ആരോഗ്യകേന്ദ്രവും, വായനശാലയും, കളിസ്ഥലവും, സ്ഥാപിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു.
പദ്ധതി വൈകുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. ജില്ലയിലെ മറ്റുള്ള വികസന പദ്ധതികള്‍ക്കൊക്കെ ഉണ്ടായ അവസ്ഥ മത്സ്യ തൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്കും ഉണ്ടാവരുതെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
