തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക
രണ്ട് മല്‍സരങ്ങളായിരിക്കും അര്‍ജന്റീനിയന്‍ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന. ഖത്തര്‍, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും. ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ വച്ച് അര്‍ജന്റീനിയല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒന്നര മാസത്തിനകം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് സംയുക്തമായി മല്‍സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തികച്ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മോണിറ്റര്‍ ചെയ്ത് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്‌ബോള്‍ മാമാങ്കത്തിന് പിന്തുണ നല്കാന്‍ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്‌പോര്‍ട്‌സ് ഫൌണ്ടേഷന്റെ പേരില്‍ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു. കേരള സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് ഷറഫലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വൈസ് പ്രസിഡന്റ് ധനീഷ് ചന്ദ്രന്‍, ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ലിമാക്‌സ് അഡ്വര്‍ടൈസിങ് മാനേജിങ് ഡയറക്ടര്‍ മുജീബ് ഷംസുദ്ദീന്‍, സിംഗിള്‍ ഐഡി ഡയറക്ടര്‍ സുഭാഷ് മാനുവല്‍ എന്നിവരും മന്ത്രിക്കൊപ്പം പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.