കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളുകള്‍ അടച്ചുപൂട്ടിയതോടെ യാത്രക്കാര്‍ കുടിവെള്ളത്തിനു പോലും നെട്ടോട്ടമോടണം. നിലവിലുള്ള കാന്റീനുകളുടെ നടത്തിപ്പ് കാലയളവ് പൂര്‍ത്തിയായതിനാലാണ് അടച്ചിട്ടത്. കഴിഞ്ഞ 17 നാണ് ബാക്കിയുണ്ടായിരുന്ന ഒരു സ്റ്റാള്‍ അടച്ചുപൂട്ടിയത്. പുതിയ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. ഭീമമായ തുകയാണ് റെയില്‍വേ ആവശ്യപ്പെടുന്നത്. അതിനാല്‍ ആരും ആ തുകയ്ക്ക് നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകുന്നിലെന്നാണ് വിവരം. കൂടാതെ റെയില്‍വേ സ്റ്റേഷനിലെ സ്വീകരണ ഭാഗത്തെ കെട്ടിടങ്ങളില്‍ നവീകരണ പ്രവര്‍ത്തി നടക്കുകയാണ്. പുതുക്കിപ്പണിത കെട്ടിടത്തിലായിരിക്കും ഇനി ടീ സ്റ്റാളുകളും കാന്റീനും പ്രവര്‍ത്തിക്കുക. അതിനാല്‍ അതിന്റെ നിര്‍മാണം പൂര്‍ത്തായാകാന്‍ മാസങ്ങളെടുക്കും. കാന്റീന്‍ നടത്തിപ്പിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാലും പ്രവര്‍ത്തനം തുടങ്ങുന്നത് വൈകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇനി കുടിവെള്ള വേണ്ടവര്‍ റെയില്‍വേ സ്റ്റേഷനിലെത്തും മുമ്പ് കയ്യില്‍ കുരുതണം.
