കാസര്‍കോട്: കല്യാണവീട്ടിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള, പൈ കോംപൗണ്ടിലെ സച്ചിന്റെ ബൈക്കാണ് മോഷണം പോയത്. നവംബര്‍ മൂന്നിനു പരാതിക്കാരന്റെ സഹോദരിയുടെ കല്യാണമായിരുന്നു. പന്തലും മറ്റും ഇട്ടതിനാല്‍ ബൈക്ക് വീട്ടില്‍ നിന്നു അല്‍പം മാറിയാണ് നിര്‍ത്തിയിട്ടിരുന്നത്. മറ്റു നാലു ബൈക്കുകളും സ്ഥലത്ത് ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ നോക്കിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം സച്ചിന്‍ അറിയുന്നത്. ഇക്കാര്യം അന്നു തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ആര്‍.ടി.ഒ ഓഫീസില്‍ നിന്നു പിഴയടക്കണമെന്നു കാണിച്ചു കൊണ്ടുള്ള നോട്ടീസ് സച്ചിന് ലഭിച്ചത്. നവംബര്‍ മൂന്നിനു പുലര്‍ച്ചെ 1.50 മണിയോടെ ബൈക്ക് കാഞ്ഞങ്ങാട് വഴി കടന്നു പോയിട്ടുണ്ടെന്നും യാത്രക്കാരായ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്നും 1000 രൂപ പിഴയടക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഈ നോട്ടീസിന്റെ പകര്‍പ്പ് പരാതിക്കാരന്‍ കുമ്പള പൊലീസിനു കൈമാറിയിട്ടുണ്ട്.
