കണ്ണൂര്‍: മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്തുന്ന സംഘത്തിലെ ഒരാളെ കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം. ജിജില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പാനൂരിലെ മീത്തലെവീട്ടില്‍ എം.നജീബാണ് (54) പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 19.30 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ് നജീബ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വില്‍പ്പനക്കായാണ് നജീബ് ബ്രൗണ്‍ഷുഗര്‍ എത്തിച്ചത്. മുംബൈയില്‍ നിന്നാണ് ഇത് കൊണ്ടുവന്നത്. അവിടെ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ചെറു പൊതികളിലാക്കി വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ പതിവ്. പിടികൂടിയ ബ്രൗണ്‍ഷുഗറിന് വിപണിയില്‍ ഒരു ലക്ഷത്തിലധികം വില വരും. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സി ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ പി. രോഷിത്ത്, ഷാജി അളോക്കന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ജലീഷ്, കെ.എ പ്രനില്‍കുമാര്‍, സി.കെ സജേഷ്, എം. ബീന എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.