കാസര്‍കോട്: വില്‍പ്പന നടത്തിയ ബൈക്കിന്റെ ഉടമസ്ഥനോട് 1,35,000 രൂപ പിഴയടക്കണമെന്നു ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പിന്റെ നൂറോളം നോട്ടീസ്. കണ്ണൂര്‍, മാട്ടൂര്‍, പാറക്കാട്ടെ സക്കറിയക്കാണ് നോട്ടീസ് ലഭിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈക്ക് മറ്റൊരാള്‍ക്കു നേരത്തെ വില്‍പ്പന നടത്തിയിരുന്നു. ആര്‍.സി മാറ്റിയിരുന്നില്ല. സൈന്‍ ലെറ്ററിന്റെ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പിഴയടക്കണമെന്നു കാണിച്ചു കൊണ്ടുള്ള ആദ്യത്തെ നോട്ടീസ് സക്കറിയയെ തേടിയെത്തിയത്. ട്രാഫിക് ലംഘനത്തിനു എ.ഐ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. ഇതേ തുടര്‍ന്ന് സക്കറിയ ബൈക്കു വാങ്ങിയ ആളെ ബന്ധപ്പെട്ടു. ബൈക്കു മോഷണം പോയെന്നായിരുന്നു മറുപടി ലഭിച്ചത്. എന്തു ചെയ്യണമെന്ന് അറിയാതെ കഴിയുന്നതിനിടയിലാണ് പിഴയടക്കണമെന്നു ആവശ്യപ്പെട്ടു ഓരോ ദിവസവും നോട്ടീസ് ലഭിച്ചു തുടങ്ങിയത്. കാഞ്ഞങ്ങാട്ടെ എം.വി.ഡി ഓഫീസില്‍ നിന്നാണ് നോട്ടീസ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് സക്കറിയ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തി ആര്‍.ടി.ഒ അധികൃതരെ കണ്ടു തന്റെ വിഷമാവസ്ഥ അറിയിച്ചു. ആര്‍.സി മാറ്റാത്തതിനാല്‍ ബൈക്കിന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ പിഴ അടക്കാനുള്ള ബാധ്യത സക്കറിയയ്ക്കു മാത്രമാണെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി. തുടര്‍ന്ന് സക്കറിയ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിനെ കണ്ട് പരാതി പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ ബൈക്ക് കണ്ടെത്തി. കാഞ്ഞങ്ങാട്ടെ കുട്ടി മോഷ്ടാക്കളാണ് ബൈക്ക് കവര്‍ച്ച ചെയ്തതെന്നു വ്യക്തമായി. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.