-പി പി ചെറിയാന്‍
വെല്ലസ്ലി, മസാച്യുസെറ്റ്സ്: 1950കളില്‍ കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ജാസ് ഡാന്‍സ് ഗ്രൂപ്പ് സ്ഥാപിച്ച അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായ ഹെര്‍ള്‍ഡ സെന്‍ഹൗസ് 113-ാം വയസ്സില്‍ അന്തരിച്ചു. പെന്‍സില്‍വാനിയ ഗ്രീന്‍വില്ലില്‍ താമസിക്കുന്ന നവോമി വൈറ്റ്‌ഹെഡ് (114) ആണ് അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.
ശനിയാഴ്ച ഉറക്കത്തിനിടെയായിരുന്നു അന്ത്യം. 1911 ഫെബ്രുവരി 28ന് വെസ്റ്റ് വിര്‍ജീനിയയിലെ പീഡ്മോണ്ടില്‍ ജനിച്ച സെന്‍ഹൗസ്, 16-ാം വയസ്സില്‍ മസാച്ചുസെറ്റ്സിലെ വോബര്‍ണില്‍ ഒരു അമ്മായിയോടൊപ്പം താമസമാരംഭിച്ചു. വോബര്‍ണ്‍ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടി. ഒരു നഴ്സാകാന്‍ ആഗ്രഹിച്ചു. എന്നാല്‍ 1931-ല്‍ രണ്ട് കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളുടെ ക്വാട്ടയില്‍ പഠനത്തിനു തിരഞ്ഞെടുത്തെങ്കിലും ഒരു നഴ്സിംഗ് സ്‌കൂള്‍ അവരെ പിന്തിരിപ്പിച്ചു.
പിന്നീട് നിരവധി കുടുംബങ്ങളുടെ വീട്ടുജോലിക്കാരിയായി അവര്‍ പ്രവര്‍ത്തിച്ചു. ബോസ്റ്റണിലെ കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പണം സ്വരൂപിച്ച അവര്‍ ബോസ്റ്റണ്‍ ക്ലബ് രൂപീകരിച്ചു.
105-ാം വയസ്സില്‍, ന്യൂ ഇംഗ്ലണ്ട് സെന്റിനേറിയന്‍ പഠനത്തില്‍ ചേര്‍ന്നു. വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ വലയുമ്പോള്‍ അവര്‍ തന്റെ തലച്ചോറ് ഗവേഷകര്‍ക്ക് സംഭാവന ചെയ്തു. കുട്ടികളെ പരിചരിക്കുന്നതിലും അവരെ പരിപാലിക്കുന്നതിലും അതീവ തല്‍പരയായിരുന്നു ഇവര്‍. ഒരിക്കലും കുട്ടികളുണ്ടാകാത്തതാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യം എന്ന് സെന്‍ഹൗസ് പലപ്പോഴും പറയാറുണ്ടായിരുന്നു.