കാസര്‍കോട്: നീലേശ്വരം തേജസ്വിനി പുഴയില്‍ നടന്ന ഉത്തര മലബാര്‍ ജലോത്സവത്തില്‍
അഴീക്കോടന്‍ അച്ചാംതുരുത്തി ജലരാജാക്കന്മാര്‍. എകെജി പൊടോതുരുത്തി രണ്ടും
വയല്‍ക്കര വെങ്ങാട്ട് മൂന്നും സ്ഥാനങ്ങള്‍ നേടി. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. വനിതകളുടെ 15 പേര്‍ തുഴയും മത്സരത്തിന്റെ ആവേശകരമായ അന്ത്യത്തിനൊടുവില്‍ വയല്‍ക്കര വെങ്ങാട്ട് ഒന്നാമതെത്തി. കൃഷ്ണപ്പിള്ള കാവുംചിറയുടെ രണ്ടു ടീമുകളും യഥാക്രമം രണ്ടും മൂന്നുംസ്ഥാനം നേടി. ഞായറാഴ്ച നടന്ന 15 പേര്‍ തുഴയുംപുരുഷന്മാരുടെ വള്ളംകളി മത്സരത്തില്‍ എ. കെ. ജി പോടോതുരുത്തി ഒന്നാം സ്ഥാനവും കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടാം സ്ഥാനവും എ.കെ.ജി മയിച്ച മൂന്നാം സ്ഥാനവും നേടി. തിങ്കള്‍ രാവിലെ മുതല്‍ വനിതകളുടെ 15 പേര്‍ തുഴയും മത്സര ഫൈനലും, പുരുഷന്‍മാരുടെ 25 പേര്‍ തുഴയും മത്സരവും ഫൈനലുമാണ് അരങ്ങേറിയത്. വിജയികള്‍ക്ക് എം രാജഗോപാലന്‍ എംഎല്‍എ ട്രോഫി നല്‍കി. ഓളപ്പരപ്പില്‍ ആവേശം വിതറുന്ന മത്സരം വീക്ഷിക്കാന്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ക്ലബ്ബുകള്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള തുഴച്ചില്‍കാരെയും മത്സരത്തിന് ഇറക്കി.
