പാലക്കാട്: തീപാറും ആവേശത്തില്‍ നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ പി സരിന്‍, എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ എന്നിവര്‍ തമ്മിലാണ് ഇത്തവണ പോരാട്ടം. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഈ മാസം 20 ലേക്ക് മാറ്റിയത്. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നും പാലക്കാട് സാക്ഷ്യം വഹിച്ചു. നേതാക്കളുടെ മുന്നണിമാറ്റവും കള്ളപ്പണ ആരോപണവും വ്യാജ വോട്ടും ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ ചര്‍ച്ചയായപ്പോള്‍ കേരളം വീക്ഷിക്കുന്നത് പാലക്കാട്ടെ തെരഞ്ഞെടുപ്പാണ്. ദേശീയ, സംസ്ഥാന നേതാക്കളും യുവജന, വിദ്യാര്‍ഥി സംഘടനാ നേതാക്കളുമെല്ലാം ദിവസങ്ങളോളം പാലക്കാട് ക്യാംപ് ചെയ്താണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. യു.ഡി.എഫിന്റെ കലാശക്കൊട്ട് ഒലവക്കോട് നിന്ന് ആരംഭിക്കും. എല്‍.ഡി.എഫിന്റെ കലാശക്കൊട്ട് വിക്ടോറിയ കോളജിനോട് ചേര്‍ന്നുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്തു നിന്നാണ് തുടങ്ങുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കലാശക്കൊട്ട് മേലാമുറിയില്‍ നിന്ന് ആരംഭിക്കും. റോഡ്ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകരും മറ്റുള്ളവരും ചേര്‍ന്ന് പരസ്യപ്രചാരണത്തിന് ആവേശകരമായ അന്ത്യം കുറിയ്ക്കും. ആവേശം അതിരു കടക്കാതെ സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ പൊലീസും പൂര്‍ത്തിയാക്കി.
