കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പ, പുലിയംകുളം, നെല്ലിയാരയിലെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട യുവാവിന്റെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. കഴുത്തു കുരുങ്ങിയാണ് ഇരുവരും മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നെല്ലിയാര കോളനിയിലെ രാജേഷ് (24), മാലോത്ത്, കസബഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി എടത്തോട്, പയാളത്തെ ലാവണ്യ (17) എന്നിവരെ ശനിയാഴ്ച ഉച്ചയോടെയാണ് ആളൊഴിഞ്ഞ വീട്ടില്‍ ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരിക്കല്‍ പോലും ലാവണ്യയെ പിരിയാന്‍ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു രാജേഷ്. എന്നാല്‍ ലാവണ്യ അടുത്ത കാലത്തായി ഈ ബന്ധത്തില്‍ നിന്നു പിന്മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനാണ് പരപ്പയിലെ നാടന്‍ പാട്ടു പരിപാടി കാണാന്‍ എത്തിയ ലാവണ്യ കാമുകനെ നേരില്‍ കണ്ടത്. ആദ്യം പരപ്പയിലെ കമ്മ്യൂണിറ്റി ഹാളിനു സമീപത്തു വച്ചു ഇരുവരും ഏറെ നേരം സംസാരിച്ചു. അവിടെ നിന്നും ആദ്യം നെല്ലിയരയിലേക്ക് പോയ രാജേഷിനെ തേടി ലാവണ്യയും പിന്നാലെ എത്തുകയായിരുന്നു.
പിന്നീട് ഇരുവരും രാജേഷിന്റെ വീട്ടില്‍ വച്ച് സംസാരിക്കുകയും ആളൊഴിഞ്ഞ വീട്ടിലെത്തുകയും ലാവണ്യയുടെ ഷാളിന്റെ രണ്ടറ്റത്തുമായി വീടിന്റെ ഹുക്കില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നു സംശയിക്കുന്നു. കാമുകിയെ അപകടപ്പെടുത്തിയ ശേഷം രാജേഷ് തൂങ്ങിയതാവാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ അങ്ങനെയല്ലെന്നു വ്യക്തമായി. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ഇരുവരും. ലാവണ്യയെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്ന രാജേഷിന്റെ കടുത്ത നിലപാടിനു മുന്നില്‍ ലാവണ്യ കീഴടങ്ങിയതായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.