കാസര്‍കോട്: സുരക്ഷാ കാരണങ്ങളാല്‍ മൊഗ്രാല്‍ കൊപ്പളത്ത് വലിയ ജുമാ മസ്ജിദിന് മുന്നില്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്നത് കമ്പിവേലി കെട്ടി തടഞ്ഞ റെയില്‍വേ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റിയും കുമ്പള പഞ്ചായത്തും മൊഗ്രാല്‍ ദേശീയ വേദിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എം.പിയും എം.എല്‍.എയും മുഖേന റെയില്‍വേയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥ സംഘം വഴി അടച്ചു കെട്ടിയ കൊപ്പളം പ്രദേശം സന്ദര്‍ശിച്ചു.
പടിഞ്ഞാര്‍ പ്രദേശത്തുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍-മദ്രസ പഠനം മുടക്കുന്ന നടപടിയാണ് റെയില്‍വേയുടേതെന്ന് കാണിച്ച് നേരത്തെ മൊഗ്രാല്‍ ദേശീയവേദി മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിരുന്നു. നാട്ടുകാരുടെയും റെയില്‍വേയുടെയും അഭിപ്രായം ആരാഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാളം മുറിച്ചു കടക്കാതെ തന്നെ അടിപ്പാതയോ, മേല്‍പ്പാലമോ പരിഗണിച്ച് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി കൊടുക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാലിനോടൊപ്പം പ്രദേശം സന്ദര്‍ശിച്ച റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ജുമാമസ്ജിദ് റോഡും കൊപ്പളം റോഡും പരിശോധിച്ച് ‘ഫുട് ഓവര്‍ ബ്രിഡ്ജ്’അനുവദിച്ചു കിട്ടാനുള്ള അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാരെ അറിയിച്ചു. ഇതിനായി റെയില്‍വേയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കുമ്പള പഞ്ചായത്ത് മുഖേന വേണ്ട തുടര്‍ന്ന് നടപടി കൈക്കൊള്ളാവുന്നതാണെന്നും രഞ്ജിത് കുമാര്‍ പറഞ്ഞു.
നാട്ടുകാരായ സി.എം ജലീല്‍, ബി.കെ അന്‍വര്‍ കൊപ്പളം, ഖാലിദ് കൊപ്പളം, അബ്ദുള്ള, ശരീഫ്, എം.എ മൂസ, പി.എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.
