കുമ്പള: മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം 18 മുതല്‍ 21 വരെ മംഗല്‍പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സബ് ജില്ലാപരിധിയിലെ 95 സ്‌കൂളുകളില്‍ നിന്നും എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ കലാ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. മംഗല്‍പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പുറമേ എ.ജെ.ഐ എ.യു.പി സ്‌കൂള്‍, എസ്.എസ്.എ.യു.പി.എസ് അയ്‌ല, അയ്‌ല ടെമ്പിള്‍, ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കലോത്സവത്തിന് വേദിയൊരുങ്ങും. 18 സ്റ്റേജിതര മത്സരങ്ങളും 19, 20, 21 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും.
19 ന് രാവിലെ 10 ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്യും. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍ അധ്യക്ഷയാകും. 21 ന് സമാപന സമ്മേളനം കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷയാകും. ഓരോ ദിവസവും പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണ ക്രമീകരണവും ഒരുക്കിയതായി
സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ റുബീന നൗഫല്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ് പി.കെ, ജില്ലാ പഞ്ചായത്തംഗം റഹ്‌മാന്‍ ഗോള്‍ഡന്‍, മംഗല്‍പ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇഖ്ബാല്‍, എ.ഇ.ഒ രാജഗോപാല.കെ, പഞ്ചായത്തംഗം മജീദ് പച്ചമ്പള, പ്രിന്‍സിപ്പല്‍ ശ്രീകുമാര്‍ എം.എ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉപ്പള ഗേറ്റ്, നൗഷാദ് കെ.പി എന്നിവര്‍ അറിയിച്ചു.
