കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി പിസി പത്മനാഭൻ(75)ആണ് മരിച്ചത്. റിട്ട. ജില്ലാ സഹകരണ ബേങ്ക് സീനിയർ മാനേജറായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച വൈകിട്ടാണ് മരണം. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു. രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവർ കെ.ബിജു (37), ചെറുവത്തൂർ തുരുത്തി ഓർക്കളത്തെ ഷിബിൻരാജ് (19) എന്നിവർ ഞായറാഴ്ച മരിച്ചിരുന്നു. ഒരാൾ ശനിയാഴ്ചയും മരിച്ചു. ചോയ്യങ്കോട് ബസാറിലെ ഓട്ടോഡ്രൈവർ കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് ശനിയാഴ്ച മരിച്ചത്. കിണാവൂരിലെ രജിത്തും കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം 28ന് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു പുലർച്ചെ വലിയ അപകടമുണ്ടായത്. പുലർച്ചെ 12.15-ഓടെയായിരുന്നു അപകടം. അപകടത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
ഭാർഗവി എം ടിയാണ് പത്മനാഭന്റെ ഭാര്യ.
മക്കൾ: റോജൻ രഞ്ജിത്ത് ബാബു (വൈസ് പ്രസിഡണ്ട് മഷ്രീക്ക് ബേങ്ക് ദുബായ്), ഷൈൻ ജിത്ത് (എഞ്ചിനിയർ). മരുമക്കൾ: വീണ (തളിപ്പറമ്പ്), ശ്രീയുക്ത (വടകര). സഹോദരങ്ങൾ: പി.സി. ഭാനുമതി (വെള്ളൂർ ), പി.സി. രമണി (തളിപ്പറമ്പ്), പി സി രാജൻ (റിട്ട. മാനേജർ കാർഷിക ഗ്രാമ വികസന ബേങ്ക് കാഞ്ഞങ്ങാട്), പരേതനായ പി സി രാഘവൻ. സംസ്കാരം വെള്ളിയാഴ്ച.