കല്‍പ്പറ്റ/ തൃശൂർ : ഒരു മാസത്തോളം ആവേശക്കടല്‍ തീര്‍ത്ത പ്രചാരണത്തിനൊടുവില്‍ വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വിധി എഴുത്ത്. രണ്ടിടങ്ങളിലും വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.കനത്ത സുരക്ഷാ സംവിധാനമാണ് രണ്ട് മണ്ഡലങ്ങളിലും ഏർപ്പെടുത്തിയത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ്. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വയനാടും ചേലക്കരയും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാനമല്‍സരംഉത്തര്‍ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി സീറ്റൊഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവും രാഹുല്‍ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്കാഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ നേതാവായ സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോഴിക്കോട് കൗണ്‍സലറായിരുന്ന നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ഥി.വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഏഴു നിയോജകമണ്ഡലങ്ങളില്‍ നിന്നായ് വോട്ട് ചെയ്യാന്‍ 14,71,742 പേരുണ്ട്. ഏപ്രിലിലെ പൊതു തിരഞ്ഞെടുപ്പില്‍ 14,62,423 വോട്ടര്‍മാര്‍ ആയിരുന്നു. ഏഴ് മാസത്തിനു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 9319 വോട്ടര്‍മാര്‍ വര്‍ധിച്ചു. ഏറ്റവും അധികം വര്‍ധിച്ചത് മൂന്നു നിയോജക മണ്ഡലങ്ങളിലാണ്. സുല്‍ത്താന്‍ ബത്തേരി (1854), കല്‍പറ്റ (1848) മാനന്തവാടി (1547) എന്നിങ്ങനെയാണ് കണക്കുകള്‍. നിലമ്പൂര്‍ (533) തിരുവമ്പാടി(1525) വണ്ടൂര്‍(1389) ഏറനാട് (623)എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ വര്‍ധന. ചേലക്കരയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായ സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് മല്‍സരിച്ചു വിജയിച്ചതാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാന്‍ കാരണം. ഇത്തവണ എല്‍ഡിഎഫിനായി യു ആര്‍ പ്രദീപും യുഡിഎഫിന് വേണ്ടി രമ്യാ ഹരിദാസും മല്‍സരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ കെ രാധാകൃഷ്ണനോട് പരാജയപ്പെട്ടയാളാണ് രമ്യാ ഹരിദാസ്. കെ ബാലകൃഷ്ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ 10,143 പുതിയ വോട്ടര്‍മാരുണ്ട്. ആകെ 2,13,103 വോട്ടര്‍മാരാണ്ഉള്ളത്.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20നായിരിക്കും നടക്കുക. കല്‍പാത്തി രഥോല്‍സവം നടക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് നീട്ടിയത്. എംഎല്‍എ സ്ഥാനം ഒഴിവാക്കി യുഡിഎഫ് നേതാവ് ഷാഫി പറമ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിച്ചു വിജയിച്ചതാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ കാരണം.മൂന്നു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നവംബര്‍ 23നായിരിക്കും നടക്കുക. അന്ന് തന്നെ വിജയികളെയും അറിയാന്‍ സാധിക്കും.
