കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. വൈകീട്ട് നാലുമണികഴിയുമ്പോള്‍ പോളിംഗ് 52 ശതമാനം പിന്നിട്ടുവെന്നാണ് കണക്ക്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ബൂത്തില്‍ എത്താന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ജില്ല ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് പോളിംഗ് കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ചേലക്കരയില്‍ മൂന്നുമണിയോടെ 57 ശതമാനം മറികടന്നു. തെളിഞ്ഞ കാലാവസ്ഥ പോളിംഗ് ഉയര്‍ത്തുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടികള്‍. രാവിലെ തന്നെ ബൂത്തുകളില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറുവരെയാണ്. എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ചുരുക്കം ബൂത്തുകളില്‍ രാവിലെ വോട്ടിങ് യന്ത്രം പണിമുടക്കി എങ്കിലും അധികം വൈകാതെ പ്രശ്‌നം പരിഹരിച്ചിരുന്നു.
അതേസമയം കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമബംഗാളില്‍ ആറ്, ബിഹാറില്‍ നാല്, രാജസ്ഥാന്‍ ഏഴ്, അസമില്‍ അഞ്ച്, കര്‍ണാടകയില്‍ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
