തിരുവനന്തപുരം: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചതിനു പിന്നാലെ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന്റെ ആത്മകഥ. ‘കട്ടന്‍ ചായയും പരിപ്പുവടയും-ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തില്‍’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദത്തിനു ഇടയാക്കിയത്. ഡി.സി ബുക്‌സ് ആണ് പുസ്തക പ്രസാധകര്‍. ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നതോടെ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. സരിന്‍ അവസരവാദിയാണെന്നും പുസ്തകം പറയുന്നു. സ്വതന്ത്രര്‍ വയ്യാവേലിയാകും. ഇ.എം.എസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ തനിക്ക് മനഃപ്രയാസം ഉണ്ടെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്റെ നിലപാട് കേന്ദ്രകമ്മിറ്റിയില്‍ അറിയിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ശോഭാസുരേന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമാണ്. ശോഭയെ കണ്ടത് ഒരു തവണ മാത്രമാണ്; അതും പൊതുസ്ഥലത്തു വച്ചാണ്. മരിക്കുന്നതു വരെ സിപിഎം ആയിരിക്കും. പാര്‍ട്ടി വിടുമെന്ന് സ്വപ്‌നം കണ്ടാല്‍ താന്‍ മരിച്ചു എന്നാണ് അര്‍ത്ഥം-ഇ.പി ആത്മകഥയില്‍ പറയുന്നു. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ ഇ.പി ജയരാജന്‍ നിഷേധിച്ചു.
അതേ സമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുസ്തക പ്രകാശനം മാറ്റിവച്ചതായി പ്രസാധകര്‍ വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാലാണ് തീരുമാനമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.
