കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച ആളെ റെയില്‍വേ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മുഹമ്മദ് റിയാസ്(31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ റിയാസ്, കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് തലക്ക് സാരമായി പരിക്കേറ്റ മുരളീധരനെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത റെയില്‍വേ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് സ്‌റ്റേഷന്‍ എസ്എച്ച്.ഒ റെജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എംവി പ്രകാശന്‍, എ.എസ്.ഐ ഇല്ല്യാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്‍, സിപിഒ ജ്യോതിഷ് എന്നിവരടങ്ങിയ സംഘം ജില്ലയിലുടനീളം അന്വേഷണം നടത്തിയിരുന്നു. നാലുദിവസമായി നൂറോളം സിസിടിവി ക്യാമറകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് റിയാസ്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.
