കൊച്ചി: 18 വയസിന് താഴെ പ്രായമുള്ളവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. കോഴിക്കോട് സ്വദേശിനി ലിമിന നല്‍കിയ
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. എതിര്‍കക്ഷികളോട് വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ പത്തിന് പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാന്‍ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളില്‍ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിന്റെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം എന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നത്. നിയമത്തിലെ 180-ഉം 181-ഉം വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരോ ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയായവരോ വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്. പരമാവധി തടവ് മൂന്ന് മാസമാണ് ശിക്ഷ. എന്നാല്‍, സെക്ഷന്‍ 199 എ പ്രകാരം വാഹനത്തിന്റെ രക്ഷിതാവോ ഉടമയോ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടാം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ആറ് മാസത്തേക്ക് റദ്ദാക്കല്‍, കുട്ടിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസന്‍സ് നിഷേധിക്കല്‍ തുടങ്ങിയവ നിയമത്തിന്റെ ഭാഗമാണ്.
