കണ്ണൂര്‍: പരിയാരത്ത് പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു. തിരുവട്ടൂര്‍ സ്വദേശി മെഹറൂഫിന്റെ (27)ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ കുറ്റിയേരി പുഴക്കരയില്‍ നിന്ന് കണ്ടെത്തി. മണല്‍ക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് യുവാവ് പുഴയില്‍ ചാടുകയായിരുന്നു എന്നാണ് പറയുന്നത്. ലോറി ഡ്രൈവറായിരുന്നു മെഹറൂഫ്. ഞായറാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്. മണല്‍ക്കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് മെഹറൂഫും ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേരും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. മെഹറൂഫ് പുഴയില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് മെഹറൂഫിന്റെ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനോ മറ്റ് നടപടി സ്വീകരിക്കാനോ നാട്ടുകാര്‍ അനുവദിച്ചില്ല.
