കാസര്‍കോട്: അനുജനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ രാജസ്ഥാനില്‍ കണ്ടെത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ ആണ് കണ്ടെത്തിയത്. പെണ്‍കുട്ടിയും കുടുംബവും വര്‍ഷങ്ങളായി കേരളത്തിലാണ് താമസം.
ആറു ദിവസം മുമ്പ് താമസസ്ഥലത്തു വച്ച് അനുജനുമായി നിസാരപ്രശ്‌നത്തെ ചൊല്ലി വഴക്കിട്ട ശേഷം പെണ്‍കുട്ടി ഇറങ്ങി പോവുകയായിരുന്നുവെന്നു പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി രാജസ്ഥാനില്‍ എത്താന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് അവിടെയുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ റെയില്‍വെസ്റ്റേഷനില്‍ കാത്തിരുന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെയും കൂട്ടി കാഞ്ഞങ്ങാട്ടേക്ക് ബന്ധുക്കള്‍ തിരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം അയക്കുമെന്ന് പൊലീസ് പറഞ്ഞു.
