പിപി ചെറിയാന്‍
ഹൂസ്റ്റണ്‍/ തൃശൂര്‍: അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ജോസഫ് നമ്പിമഠത്തിന്റെ ‘നടക്കാനിറങ്ങിയ കവിത’ കവിതാ സമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണി പ്രകാശനം നിര്‍വഹിച്ചു. ഒരേ സമയം അമേരിക്കന്‍ അനുഭവങ്ങളും കേരളീയ സ്മൃതിചിത്രങ്ങളും ആവാഹിക്കുന്ന ജോസഫ് നമ്പിമഠത്തിന്റെ കവിതകള്‍ ഇന്നത്തെ തലമുറക്കു പ്രചോദനമാണെന്ന് രാമനുണ്ണി പറഞ്ഞു.
വാക്കുകളിലും അവയുടെ ക്രമീകരണങ്ങളിലും മാത്രമല്ല ബിംബങ്ങളുടെ മൗലികതയിലും ജോസഫ് ശ്രദ്ധേയനാണ്- അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. തൃശൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബി. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സുകുമാര്‍ അഴിക്കോട് തത്വമസി സംസ്‌കാരിക അക്കാദമി ചെയര്‍മാന്‍ ടി.ജി വിജയകുമാര്‍ പുസ്തകം സ്വീകരിച്ചു. ജോസഫ് നമ്പിമഠത്തിന്റെ കവിതള്‍ സമകാലിക കേരളീയാവസ്ഥകളോടുള്ള കവിയുടെ പോരാട്ടം കൂടിയാണെന്ന് വിജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ താന്‍ എഴുതിയ കവിതകളുടെ സമാഹാരമാണ് നടക്കാനിറങ്ങിയ കവിതയെന്നും ദേശാന്തര വാസിഎന്ന അപകര്‍ഷമില്ലാതെ മലയാളത്തില്‍ ഇന്നുവരെ എഴുതാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ജോസഫ് പറഞ്ഞു.
സാഹിത്യകാരി എച്ച് മുക്കുട്ടി, വിജയരാജ മല്ലിക, സുഭാഷ് പോണോളി, ഡാലിയ ഉദയന്‍, ഡിന, അന്‍വര്‍, സജിത വിവേക്, അനില്‍ പെണ്ണുക്കര, എഴുത്തുകാരി സുനിത സുകുമാരന്‍ പ്രസംഗിച്ചു. നമ്പി മഠത്തിന്റെ കവിതകള്‍ ഗായിക വിജയശ്രീ രഘു ആലപിച്ചു.