പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: വീടിനു തീവെച്ച ശേഷം രക്ഷപെട്ട യുവതി നല്‍കിയ വിവരത്തെത്തുടര്‍ന്നെത്തിയ അഗ്‌നിശമന സേനാംഗം വെന്തു മരിച്ച സംഭവത്തില്‍ വീട്ടുടമയായ യുവതിയെ ഹൂസ്റ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഹൂസ്റ്റണില്‍ ബുധനാഴ്ചയുണ്ടായ ത്രീ അലാറം തീപിടിത്തത്തില്‍ ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അഗ്‌നിശമന സേനാംഗം മാര്‍സെലോ ഗാര്‍ഷ്യ(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു വീട്ടുടമ യെസെനിയ മെന്‍ഡസിനെ ശനിയാഴ്ച ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഗ്‌നിശമന സേനാംഗത്തിന്റെ ജീവന്‍ അപഹരിച്ച തീപിടിത്തം മന:പൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് ഹൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച ഉച്ചയോടെയാണ് മെന്‍ഡെസിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം കെട്ടിടത്തില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയപ്പോള്‍ തന്നെ മെന്‍ഡസ് വെയര്‍ഹൗസില്‍ നിന്ന് പുറത്തുപോകുന്നത് അഗ്‌നിബാധ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി കോടതി രേഖകളില്‍ പറഞ്ഞു. തീവയ്പിന്റെ കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
ചുവന്ന ലൈറ്ററും അജ്ഞാതമായ ജ്വലന വസ്തുക്കളും ഉപയോഗിച്ചാണ് മെന്‍ഡസ് തീ കത്തിച്ചതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. മെന്‍ഡസിന്റെ ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂട്ടര്‍മാര്‍ ശ്രമിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ക്കു ആത്മ വിശ്വാസം പകരാനുള്ള നടപടിയുടെ ആദ്യപടിയാണ് ഇതെന്ന് കരുതുന്നു.