കാസര്‍കോട്: ട്രെയിനുകള്‍ വഴി കാസര്‍കോട് ജില്ലയിലേക്ക് പോണ്ടിച്ചേരി നിര്‍മിത മദ്യക്കടത്തും സജീവമായി. കാസര്‍കോട് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം രജികുമാറും സംഘവും നടത്തിയ പരിശോധനയില്‍ പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 5 ലിറ്റര്‍ മദ്യം ടോയ്‌ലറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് ട്രെയിന്‍ ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. കറുത്ത ഷോള്‍ഡര്‍ ബാഗിനകത്താണ് മദ്യം സൂക്ഷിച്ചത്. പൊലീസ് പരിശോധന നടത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ സംഘം മദ്യം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നുവെന്ന് സംശയിക്കുന്നു. അരലിറ്റര്‍ വീതമുള്ള ഏഴു പ്ലാസ്റ്റിക് ബോട്ടിലുകളും, 180 മില്ലിലിറ്ററിന്റെ 10 ബോട്ടുകളുമാണ് ബാഗിലുണ്ടായിരുന്നത്. പിടികൂടിയ മദ്യം കാസര്‍കോട് സ്‌റ്റേഷനിലെത്തിച്ചു. റെയില്‍വേ പൊലീസിലെ ഡാന്‍സഫ് സംഘത്തിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത്, ജോസ്, അനൂപ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു.
