കാസര്‍കോട്: സംസ്ഥാനത്തെ ഹിന്ദു പുണ്യസ്ഥലങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉണ്ടായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദഭാരതി തീര്‍ത്ഥ സ്വാമികളുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവും മഠത്തിലെ മോഷണശ്രമവും സമൂഹത്തിന്റെ സമാധാനവും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്നതാണ്. വലിയ പരിഭ്രമമാണ് സമൂഹത്തിന് ഉണ്ടായിരിക്കുന്നത്. സ്വാമിജിക്കെതിരെ നടന്ന ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ബോവിക്കാനം-ഇരിയണ്ണി വഴിയിലൂടെ ഒരു പരിപാടിയില്‍ നിന്ന് മടങ്ങി വരികയായിരുന്ന സ്വാമിജിയുടെ കാര്‍ ഒരു സംഘം ആക്രമണത്തിന് ഇരയാക്കുകയായിരുന്നു.
കൂടാതെ, എടനീര്‍ മഠത്തില്‍ മോഷണശ്രമവും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. മതസ്ഥലങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഈ ക്രിമിനല്‍ പ്രവൃത്തികളുടെ പിന്നിലെ കുറ്റവാളികളെ പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണമെന്നും ജനങ്ങളുടെയിടയില്‍ മതസൗഹാര്‍ദ്ദവും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനും ശ്രമിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
