കാസര്‍കോട്: കേരളത്തിലേക്ക് കുഴല്‍പ്പണം കടത്തുന്നതിനു സ്‌കൂള്‍ കുട്ടികളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സമീപിച്ച് 5000 രൂപ മുതല്‍ 10,000 രൂപ വരെ നല്‍കിയാണ് കുഴല്‍പ്പണ റാക്കറ്റിന്റെ തുടക്കം. പണം കൈപ്പറ്റിയ കുട്ടിയുടെ പേരില്‍ പുതിയ സിംകാര്‍ഡ് എടുക്കുകയും പിന്നീട് ആധാര്‍കാര്‍ഡു നല്‍കി ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയാണ് രണ്ടാമത്തെ സ്റ്റെപ്പ്. ഇതിനു ശേഷം ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ഉപയോഗിച്ച സിംകാര്‍ഡും പണം നല്‍കിയവര്‍ തന്നെ തിരിച്ചു വാങ്ങിക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ ചിത്രത്തില്‍ നിന്നു മായുന്നു. ഇങ്ങനെ ആരംഭിച്ച അക്കൗണ്ടിലേക്ക് കള്ളപ്പണം അയക്കുകയും എ.ടി.എം വഴി പിന്‍വലിച്ച് നിയമസാധുത തേടുകയും ചെയ്യുന്നു.
എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ മൈസൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് പുതിയ തട്ടിപ്പ് സങ്കേതത്തെ കുറിച്ച് പൊലീസിനു വ്യക്തമായ വിവരം ലഭിച്ചത്. തുടര്‍ അന്വേഷണത്തിനായി മൈസൂര്‍ പൊലീസ് കഴിഞ്ഞ ദിവസം കോഴിക്കോട്ടും കാസര്‍കോട്ടും എത്തിയിരുന്നു. അക്കൗണ്ടിന്റെ ഉടമകളായ ഏതാനും പേരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയതായും എട്ടുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പിടിയിലായവരില്‍ ഒരാള്‍ കാസര്‍കോട് ജില്ലക്കാരനാണ്. തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീഴാതിരിക്കുന്നതിനു കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വേണമെന്നാണ് പൊലീസിന്റെ നിലപാട്.