വാഷിംഗ്ടണ്‍: പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടമാകാത്തതില്‍ പ്രകോപിതനായ കാമുകന്‍ കാമുകിയെ കുത്തിക്കൊന്നു. പെന്‍സില്‍വാനിയ സ്വദേശിനിയായ കാര്‍മെല്‍ മാര്‍ട്ടിനെസ് സില്‍വ (50)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കാമുകന്‍ ബെഞ്ചമിന്‍ ഗാര്‍സിയ ഗുവഘിനെ പൊലീസ് അറസ്റ്റു ചെയ്തു. കാര്‍മെല്‍ മുടി മുറിച്ച് വീട്ടിലെത്തിയതു മുതല്‍ ബെഞ്ചമിന്‍ അസ്വസ്ഥനായിരുന്നുവെന്നും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീട്ടില്‍ നില്‍ക്കുന്നത് അപകടമാണെന്നു മനസ്സിലാക്കിയ 50കാരിയായ കാമുകി ഉടന്‍ തന്നെ തന്റെ മകളുടെ കൂടെ അന്നു രാത്രി ചെലവഴിക്കുവാന്‍ തീരുമാനിച്ചു. അവിടെയെത്തിയെങ്കിലും അവിടെയും താന്‍ സുരക്ഷിതയല്ലെന്നു തോന്നി സഹോദരന്റെ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. യാത്രക്കിടയില്‍ കാര്‍മെല്‍ തന്റെ സുഹൃത്തിനെ വിളിക്കുകയും ബെഞ്ചമിനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ കാര്‍മെലിനെ കാണാനായി ബെഞ്ചമിന്‍ സഹോദരന്റെ വീട്ടിലെത്തി. കാര്‍മെല്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നു പറഞ്ഞു സഹോദരന്‍ ബെഞ്ചമിനെ തിരിച്ചയച്ചു. ഇതോടെ സ്ഥലത്തു നിന്നു പോയ ബെഞ്ചമിന്‍ അല്‍പസമയത്തിനകം കത്തിയുമായി തിരിച്ചെത്തി കോളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറന്ന ഉടനെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നിലവിളി കേട്ട് കാര്‍മെല്‍ ഓടിയെത്തി. ഇതോടെ സഹോദരനെ വിട്ട് കാര്‍മെലിനെ കുത്തിക്കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ചവര്‍ക്കു നേരെയും ബെഞ്ചമിന്‍ അക്രമം നടത്തി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും കാര്‍മെല്‍ മരണപ്പെട്ടിരുന്നു. കാമുകിയുടെ മൃതദേഹത്തിനു അരികില്‍ നില്‍ക്കുകയായിരുന്ന ബെഞ്ചമിനെ പൊലീസ് അറസ്റ്റു ചെയ്തു.