കാസര്‍കോട്: ഗോവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട കുടക്, അയ്യങ്കേരി സ്വദേശിനിയായ സഫിയ (13)യുടെ തലയോട്ടി മാതാപിതാക്കള്‍ക്കു വിട്ടുനല്‍കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി. ഗോവയില്‍ കരാറുകാരനായിരുന്ന മുളിയാറിലെ കെ.സി ഹംസയ്ക്കും ഭാര്യ മൈമൂനയ്ക്കും ഒപ്പം വീട്ടുജോലിക്കാരിയായിരുന്നു സഫിയ. മുളിയാറിലെ വീട്ടിലെ ജോലിക്കാണെന്നു പറഞ്ഞാണ് സഫിയയെ മാതാപിതാക്കള്‍ ഹംസയെ ഏല്‍പ്പിച്ചത്. എന്നാല്‍ പിന്നീട് സഫിയയെ ഗോവയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഡാം നിര്‍മ്മാണ സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചു മൂടിയെന്നാണ് കേസ്. സംഭവത്തില്‍ ആദ്യം കേസെടുത്തത് ആദൂര്‍ പൊലീസായിരുന്നു. മാന്‍ മിസിംഗിനായിരുന്നു കേസ്. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സഫിയയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നിരന്തരമായ പ്രക്ഷോഭത്തിനു ഒടുവില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ്.പി.യായിരുന്ന കെ.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേണത്തിലാണ് സഫിയ തിരോധാന കേസിന്റെ ചുരുളഴിഞ്ഞത്.
ഹംസയെയും ഭാര്യയെയും ചോദ്യം ചെയ്തപ്പോള്‍ പാചകത്തിനിടയില്‍ സഫിയയ്ക്കു പൊള്ളലേറ്റുവെന്നും ബാലപീഡന കേസ് വരുമെന്ന ഭീതിയില്‍ കൊലപ്പെടുത്തിയെന്നുമാണ് മൊഴി നല്‍കിയത്. തുടര്‍ന്ന് 2008 ജൂണ്‍ 5ന് നിര്‍മ്മാണത്തിലുള്ള ഡാമിനു സമീപത്ത് ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സഫിയയുടെ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ഹംസയെയും ഭാര്യ മൈമൂനയെയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ഹംസയ്ക്ക് വിചാരണ കോടതി വധശിക്ഷ നല്‍കിയിരുന്നു. പിന്നീട് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി.
മകളെ മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന ആഗ്രഹവുമായി കഴിഞ്ഞ മാസമാണ് മാതാപിതാക്കള്‍ ജില്ലാ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സാനു എസ് പണിക്കര്‍ ആണ് കേസില്‍ തെളിവായി സൂക്ഷിച്ച തലയോട്ടി മതാചാരാ പ്രകാരം സംസ്‌കരിക്കുന്നതിനു മാതാപിതാക്കള്‍ക്കു നല്‍കാന്‍ ഉത്തരവായത്.
