കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ 3 പ്രധാന റെയില്‍വേ സ്റ്റേഷനുകളായ മഞ്ചേശ്വരം, ഉപ്പള, കുമ്പളയെ ഒഴിവാക്കിയുള്ള ജില്ലയിലെ റെയില്‍വേ വികസനത്തില്‍ ശക്തമായ പ്രതിഷേധവുമായി പാസഞ്ചേഴ്‌സ് അസോസിയേഷനും, വിദ്യാര്‍ത്ഥികളും, വ്യാപാരികളും, സന്നദ്ധ യുവജന സംഘടനകളും രംഗത്ത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഞ്ചേശ്വരം, ഉപ്പള, കുമ്പള റെയില്‍വേ സ്റ്റേഷനുകളെ അവഗണിക്കുന്ന സമീപനമാണ് റെയില്‍വേയുടേത്. ഇതിനെതിരെ നിരവധി പ്രക്ഷോഭ പരിപാടികള്‍ പാസഞ്ചേഴ്‌സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, നാട്ടുകാരും നടത്തിയിരുന്നു. നിരന്തരമായി ജനപ്രതിനിധികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും വികസനത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് ജനപ്രതിനിധികളും, റെയില്‍വേ അധികൃതരും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മഞ്ചേശ്വരം മണ്ഡലത്തിലെ ഈ മൂന്ന് സ്റ്റേഷനുകളും സന്ദര്‍ശിച്ച് നാട്ടുകാരില്‍ നിന്നും, സന്നദ്ധ സംഘടനകളില്‍ നിന്നും പരാതി കേള്‍ക്കുകയും, നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശനം രാഷ്ട്രീയ തട്ടിപ്പെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മഞ്ചേശ്വരം സ്റ്റേഷനില്‍ എംപിയെ തടഞ്ഞിരുന്നു. എന്നിട്ട് പോലും ഒരു ഇടപെടലുകളും വികസന കാര്യത്തില്‍ നടന്നതുമില്ല.
റെയില്‍വേയ്ക്ക് ഏറെ വരുമാനം നേടിത്തരുന്ന മണ്ഡലത്തിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളാണ് മഞ്ചേശ്വരവും, കുമ്പളയും. വികസന കാര്യത്തിലാകട്ടെ കടുത്ത അവഗണനയും. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ മാത്രം വികസനത്തിനാവശ്യമായ ഏക്കര്‍ കണക്കിന് ഭൂമി ഇവിടെയുണ്ട്. ഇത് നിരവധിതവണ അധികൃതരെ ധരിപ്പിച്ചതുമാണ്. കുമ്പളയെ സാറ്റലൈറ്റ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ചെവി കൊള്ളാന്‍ അതികൃതര്‍ തയ്യാറാവുന്നതുമില്ല. ജില്ലയിലെ വികസനമാ കട്ടെ കാസര്‍കോടു മുതല്‍ തെക്കോട്ടുള്ള സ്റ്റേഷനുകളെയാണ് റെയില്‍വേ പരിഗണിക്കുന്നത്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും, ജനപ്രതിനിധികളും മത്സരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ മറ്റുള്ള സ്റ്റേഷനുകളോടുള്ള അവഗണന തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാരും, പാസഞ്ചേഴ്‌സ് അസോസിയേഷനും സന്നദ്ധ സംഘടനകളും പറയുന്നു.
