വാഷിങ്ടണ്‍: 47-ാമത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 267 വോട്ടു ലഭിച്ചു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കമലാ ഹാരിസിന് ഇതുവരെ 224 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. ഇനിയുള്ള 35 ഇലക്ടറല്‍ വോട്ടുകള്‍ മുഴുവനും കമലാ ഹാരിസിന് ലഭിച്ചാലും ട്രംപിനെ പരാജയപ്പെടുത്താനാവില്ല. നിര്‍ണായകമായ സ്വിംഗ് സ്റ്റേറ്റുകളില്‍ വിജയം നേടി ഡൊണാള്‍ഡ് ട്രംപ് അധികാരത്തുന്നത്. വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ, അരിസോണ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ട്രംപ് ലീഡ് ചെയ്യുകയാണ്. നിര്‍ണായകമായ സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപ് അനുഭാവികള്‍ ആഘോഷം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. വെസ്റ്റ് പാം ബീച്ചിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ റിപ്പബ്ലിക്കന്‍ പാര്‍ടി പ്രവര്‍ത്തകരുടെ വിജയാഹ്ലാദ സമ്മേളനം ഉടന്‍ നടക്കുമെന്നും ട്രംപ് സമ്മേളനത്തില്‍ സമ്മതിദായകര്‍ക്ക് വിജയാശംസ നേരുമെന്നും വിവരമുണ്ട്. അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായാണ് 78 കാരനായ ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് ട്രംപ് യുഎസ് പ്രസിഡന്റാകുന്നത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട് അധികാരം നഷ്ടപ്പെട്ട ശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അതിശക്തമായ തിരിച്ചുവരവാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. 127 വര്‍ഷത്തിന് ശേഷം തുടര്‍ച്ചയായല്ലാതെ ആദ്യമായി അധികാരത്തില്‍ തിരിച്ചെത്തുന്ന വ്യക്തിയെന്ന നേട്ടമാണ് ട്രംപ് കൈവരിക്കുന്നത്. 2025 ജനുവരി 6-നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.