കാസര്‍കോട്: കഴിഞ്ഞ രണ്ടുദിവസമായി കാസര്‍കോട് ജില്ലയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വൈറലാണ് പ്രേതം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍. ഫോട്ടോകള്‍ക്കൊപ്പം രണ്ടു ബൈക്ക് യാത്രക്കാര്‍ പ്രേതത്തെ കണ്ടതായി ഓഡിയോ സന്ദേശത്തില്‍ പറയുന്നു. അര്‍ധരാത്രികളില്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാര്‍ സൂക്ഷിക്കണം എന്നും ഓഡിയോ സന്ദേശങ്ങളില്‍ പറയുന്നു. ഒപ്പം ബൈക്ക് അപകടത്തില്‍പെട്ട് പരിക്കേറ്റ യുവാവിന്റെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്. മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയിലും കുമ്പള പേരാലിലും ബൈക്ക് യാത്രക്കാര്‍ പ്രേതത്തെ കണ്ടു എന്നാണ് പ്രചരണം. അതേസമയം ഇത് വ്യാജപ്രചരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ ടിക് ടോകിന്റെ ഭാഗമായി നിര്‍മിച്ച ഫോട്ടോയും വിഡിയോകളാണ് ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ജുലൈ മാസം 18ന് ഉത്തര്‍പ്രദേശിലെ അമേഠിയിലും ഇതേ ചിത്രവും വിഡിയോവും പ്രചരിച്ചിരുന്നു. സംഗ്രാംപൂരില്‍ നിലവിളിക്കുന്ന മന്ത്രവാദിനിയായാണ് അവിടെ വിഡിയോ പ്രചരിച്ചത്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മെയ് മാസം മലേഷ്യയിലെ കംപാറിലും പ്രേതത്തെ കണ്ടതായി പ്രാദേശിക സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കംപാറിലെ ആളൊഴിഞ്ഞ റോഡിന് നടുവില്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന സാരി ധരിച്ച ‘പ്രേത’ത്തിന്റെ നിരവധി ചിത്രങ്ങള്‍ അവിടെയുള്ള ടിക് ടോക്കില്‍ വൈറലായിരുന്നു. കാസര്‍കോട് പ്രചരിക്കുന്ന ചിത്രം തന്നെയാണ് അവിടെ വൈറലായത്.
