കാസര്‍കോട്: കാസര്‍കോട്, പള്ളം റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റെയില്‍വേ പൊലീസും സ്ഥലം സന്ദര്‍ശിച്ചു. റെയില്‍വേ പാലക്കാട് ഡിവൈ.എസ്പി സന്തോഷ് കുമാര്‍, കോഴിക്കോട് സിഐ സുധീര്‍ മനോഹര്‍, കാസര്‍കോട് റെയില്‍വേ എസ്.ഐ എംവി പ്രകാശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയില്‍ ടൗണ്‍ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആര്‍പിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും ആര്‍പിഎഫും വിശദമായ ചര്‍ച്ച നടത്തി. പള്ളത്ത് നേരത്തെയും ട്രെയിന്‍ അട്ടിമറിക്ക് ശ്രമം നടന്നിരുന്നു. കരിങ്കല്‍ ചീളുകള്‍ പാളത്തില്‍ നിരത്തിവച്ച സംഭവം നേരത്തെ നടന്നിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ പള്ളം, നെല്ലിക്കുന്ന്, കളനാട് എന്നിവിടങ്ങളില്‍ ചെറിയ കുട്ടികളാണ് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയതായി കണ്ടെത്തിയിരുന്നു. ഇത്തവണ വലിയ ഗൗരവത്തോടെയാണ് അധികൃതര്‍ ഇതിനെ കാണുന്നത്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനും ആലോചനയുണ്ട്. പരിസരപ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പാളത്തില്‍ പ്ലാസ്റ്റിക് കുപ്പിയും നാണയങ്ങളും സെല്ലോടേപ്പില്‍ ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. വെളിച്ചെണ്ണയും ട്രാക്കില്‍ ഒഴിച്ചിരുന്നു. ഇതുവഴി വന്ന ഗേറ്റുമാന്‍ ഇതുകണ്ട് സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.