കാസര്‍കോട്: തലപ്പാടി ചെങ്കള റീച്ചില്‍ സര്‍വീസ് റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഓവുചാല്‍ സ്ലാബുകള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സര്‍വീസ് റോഡില്‍ ഉണ്ടായിട്ടുണ്ട്. കുമ്പള ദേവീനഗറില്‍ ഒരു പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥി ബൈക്ക് മറിഞ്ഞ് മരണപ്പെട്ടിരുന്നു. ഓവുചാല്‍ സ്ലാബുകള്‍ സര്‍വീസ് റോഡില്‍ അല്‍പം ഉയര്‍ന്നാണ് കിടക്കുന്നത്. ഗതാഗത തടസം ഉണ്ടാവുമ്പോള്‍ ഓവുചാല്‍ സ്ലാബിന് മുകളിലൂടെയാണ് ഇരുചക്രവാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍വീസ് റോഡില്‍ നിന്ന് സ്ലാബിലേക്ക് ഇരുചക്രവാഹനങ്ങള്‍ കയറുമ്പോളാണ് അപകടം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അര ഇഞ്ച് മുതല്‍ രണ്ട് ഇഞ്ച് വരെ റോഡില്‍ നിന്നും ഉയര്‍ന്നാണ് സ്ലാബ് കിടക്കുന്നത്. ഇതാണ് അപകടം ഉണ്ടാക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം നേതാക്കള്‍ ജില്ലാ കലക്ടര്‍ക്കും റോഡ് നിര്‍മ്മിക്കുന്ന ഊരാളുങ്കല്‍ കമ്പനിക്കും പരാതി നല്‍കി.