കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആറു ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘത്തെ കണ്ടെത്താന്‍ ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശ്രമം തുടങ്ങി.
ശനി, ഞായര്‍ ദിവസങ്ങളില്‍ ആറിടത്താണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടനീര്‍ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലാണ് ആദ്യം കവര്‍ച്ച നടന്നത്. ഭണ്ഡാരങ്ങളാണ് ഇവിടെ കവര്‍ച്ച ചെയ്യപ്പെട്ടത്. സിസിടിവിയില്‍ ചിത്രം പതിയാതിരിക്കാന്‍ പ്രത്യേക ജാഗ്രതയോടെയാണ് മോഷണ സംഘം ഇവിടെ ശ്രമിച്ചതെന്നു പൊലീസ് വിലയിരുത്തിയിട്ടുണ്ട്.
കവര്‍ച്ച നടത്തിയെന്നു സംശയിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ സംശയിക്കപ്പെടുന്ന ആള്‍ സ്ഥലത്തില്ലെന്നാണ് അന്വേഷണ സംഘത്തിനു മനസ്സിലായത്. അന്നു രാത്രി തന്നെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു ആരാധനാലയങ്ങളിലും ഒരു കടയിലും കവര്‍ച്ച നടന്നിരുന്നു. എടനീര്‍ ക്ഷേത്രത്തില്‍ നടന്ന സമാനരീതിയിലായിരുന്നു ഇവിടെയും കവര്‍ച്ച. അതിനാല്‍ ഒരേ സംഘം തന്നെയായിരിക്കും രണ്ടു പ്രദേശങ്ങളിലെയും കവര്‍ച്ചക്കു പിന്നിലെന്നു സംശയിക്കുന്നു. കവര്‍ച്ചക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി ബദിയഡുക്ക പൊലീസ് പരിധിയിലെ രണ്ടിടങ്ങളില്‍ കൂടി കവര്‍ച്ച ഉണ്ടായത്. മാന്യ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നു ആറുലക്ഷം രൂപ വിലവരുന്ന വെള്ളി നിര്‍മ്മിത അയ്യപ്പ ഛായാ പടവും കാണിക്ക ഡബ്ബികളിലെ പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. നെല്ലിക്കട്ട ഗുരുദേവ ക്ഷേത്രത്തിലും അന്നു തന്നെ ഭണ്ഡാര കവര്‍ച്ച നടന്നു. ഇതേ സംഘമായിരിക്കും അന്നു രാത്രി മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊയ്‌നാച്ചി അയ്യപ്പക്ഷേത്രത്തിലും കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നു. കവര്‍ച്ച നടന്ന പ്രദേശങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ ചുവന്ന നിറത്തിലുള്ള ഒരു മാരുതി സ്വിഫ്റ്റ് കാര്‍ ചുറ്റിക്കറങ്ങിയിരുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. കവര്‍ച്ച നടത്തേണ്ട സ്ഥലത്തിന്റെ കൃത്യമായ വിവരം സംഘം നേരത്തെ മനസ്സിലാക്കിയിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.
കവര്‍ച്ചാസംഘം കേരളം വിട്ട് കര്‍ണ്ണാടകയിലേക്ക് കടന്നതായ സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
ബണ്ട്വാള്‍, പറങ്കിപ്പേട്ട സജീറു ദേവകി കൃഷ്ണ റവളനാഥ ക്ഷേത്രത്തില്‍ സമാന രീതിയില്‍ കവര്‍ച്ച നടന്നതാണ് ഇത്തരമൊരു സംശയം ഉയരാന്‍ ഇടയാക്കിയത്. പറങ്കിപ്പേട്ട ക്ഷേത്രത്തില്‍ നിന്നു വെള്ളി, സ്വര്‍ണ്ണം, ഭണ്ഡാരങ്ങള്‍ എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.