ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബസില്‍ മുപ്പത്തിയഞ്ചോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) പൊലീസും അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അല്‍മോറ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു. അപകടത്തില്‍ മരിച്ചവരില്‍ നിരവധി കുട്ടികളുണ്ട്. ബസില്‍ പരിധിയിലധികം ആളുകളെ കയറ്റിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.